ഒരു പേഴ്സ് നഷ്ടമായാൽ അത് തിരിച്ചു കിട്ടുന്നത് എത്ര നാൾ കഴിഞ്ഞാകും ? ചോദ്യത്തിന് ഉത്തരങ്ങൾ നിരവധിയാണ്. പേഴ്സ് കിട്ടുന്ന ആളിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ പെട്ടെന്ന് കിട്ടിയേക്കാം. ഭാഗികമായി കിട്ടിയേക്കാം. കിട്ടാതെയുമിരിക്കാം. 53 വർഷങ്ങൾ മുൻപ് നഷ്ടപ്പെട്ടു പോയ ഒരു പേഴ്സ് തിരിച്ചുകിട്ടിയാലോ ? സംശയമില്ല അതൊരു അത്ഭുതം തന്നെയാണ്.
പതിമൂന്ന് മാസത്തെ ഗവേഷണത്തിനും മറ്റ് ഔദ്യോഗിക കൃത്യങ്ങൾക്കും ശേഷം പോൾ ഗ്രിഷാം അന്റാർട്ടിക്ക വിട്ടത് 1968 ലാണ്. പക്ഷേ പേഴ്സ് എടുക്കാൻ തിരക്കിനിടയിൽ ഗ്രിഷാം മറന്നു. പിന്നീട് ആ പേഴ്സ് മറവിയിൽ തന്നെ തുടരുകയായിരുന്നു കഴിഞ്ഞ ജനുവരി 27 വരെ.
ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള വട്ടം കൂട്ടുന്നതിനിടെയായിരുന്നു ഗ്രിഷാമിന് ഒരു അജ്ഞാതന്റെ ഫോൺ കോൾ വന്നത്.ഹലോ പോൾ.. എനിക്ക് തോന്നുന്നത് നിങ്ങളുടെ പേഴ്സ് എനിക്ക് കിട്ടിയെന്നാണ്. ബ്രൂസ് മകീ എന്നയാളായിരുന്നു വിളിച്ചതെന്ന് ഗ്രിഷാം പിന്നീട് മനസ്സിലാക്കി. എന്നാൽ ഇങ്ങനെയൊരു പേഴ്സ് നഷ്ടപ്പെട്ട വിവരം ഗ്രിഷാം മറന്നേ പോയിരുന്നു.
അന്റാർട്ടിക്കയിലെ റോസ് ഐലൻഡിൽ മക്മുർദോ സ്റ്റേഷനിൽ നിന്ന് ഒരു പണിക്കാരനാണ് ഗ്രിഷാമിന്റെ പേഴ്സ് കണ്ടെടുക്കുന്നത്. 2014 ലായിരുന്നു അത്. എന്നാൽ ആ പേഴ്സ് കുറച്ചു നാൾ പല കൈമറിഞ്ഞ് അവിടെത്തന്നെയിരുന്നു. ഉടമസ്ഥനെ അന്വേഷിക്കാനോ ഒന്നും ആരും ശ്രമിച്ചില്ല.ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള വിരമിച്ച പട്ടാളക്കാരുടെ കാര്യങ്ങൾ നോക്കുന്ന ഒരാളായിരുന്നു ബ്രൂസ് മകീ. പേഴ്സിനു പിന്നിലുള്ള ആളെ മകീ അന്വേഷിച്ച് കണ്ടെത്തി. തുടർന്നാണ് ഗ്രിഷാമിന് ഫോൺ വന്നത്.
ചില തിരിച്ചറിയൽ കാർഡുകളും നേവി ഐഡി കാർഡുകളും പേഴ്സിൽ നിന്ന് കണ്ടെത്തി. ഭാര്യയ്‌ക്ക് മണിയോർഡർ അയച്ചതിന്റെ രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. നിരവധി ഓർമ്മകളാണ് ആ പേഴ്സ് കൊണ്ടുവന്നതെന്ന് ഗ്രിഷാം സന്തോഷത്തോടെ ഓർക്കുന്നു. ഒരിക്കൽ കൂടി അന്റാർട്ടിക്കയിലേക്ക് പോകണമെന്ന ആഗ്രഹമാണ് പേഴ്സ് കിട്ടിയപ്പോൾ തോന്നിയതെന്നും 91 കാരനായ ഗ്രിഷാം കൂട്ടിച്ചേർത്തു.
Comments