ശ്രീനഗർ: ഇന്ത്യ പാകിസ്താനോട് ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്ന വാദവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ലഡാക്കിൽ ചൈനയുമായി സംസാരിച്ചതുകൊണ്ടല്ലെ യുദ്ധസമാന അന്തരീക്ഷം ഇല്ലാതായതും സൈന്യത്തെ അവർ പിൻവലിച്ചതെന്നുമുള്ള ന്യായമാണ് അബ്ദുള്ള മുന്നോട്ട് വയ്‌ക്കുന്നത്. ഇത് പറഞ്ഞതോടൊപ്പം ജമ്മുകശ്മീരിലെ ഭീകരത അവസാനിച്ചി ട്ടൊന്നുമില്ലെന്നും അത് അവസാനിക്കാൻ പോകുന്നില്ലെന്നുമുള്ള മുന്നറിയിപ്പും മുൻ കശ്മീർ മുഖ്യമന്ത്രി നൽകുകയാണ്.
ഇതിനിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പാക് നയത്തെ പുകഴ്‌ത്താനും ഫറൂഖ് അബ്ദുള്ള മറന്നില്ല. സുഹൃത്തുക്കൾ മാറിമാറി വരാം എന്നാൽ അയൽക്കാരെന്നും അയൽക്കാരായിരിക്കും എന്നാണ് അടൽജി പറയാറുണ്ടായിരുന്നതെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. കേന്ദ്രസർക്കാറിന്റെ ജമ്മുകശ്മീർ നയങ്ങളിൽ പാകിസ്താനെ മാറ്റിനിർത്തുന്ന സമീപനം ശരിയല്ലെന്നാണ് നേതാക്കളുടെ വാദം. മെഹബൂബാ മുഫ്തിയും ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസങ്ങളിൽ പാക് അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. ഭീകരരെ ശക്തമായി നേരിട്ട് ഇന്ത്യൻ സൈന്യം മുന്നേറുന്നതിനിടെയാണ് നാഷണൽ കോൺഫറൻസ് നേതാക്കളുടെ പാകിസ്താനെ തലോടുന്ന നിലപാട് പുറത്തുവരുന്നത്.
Comments