വീണ്ടും സ്പിന്നിന് മുന്നിൽ തലകറങ്ങി ഇംഗ്ലണ്ട്; ഒന്നാം ഇന്നിംഗ്‌സിൽ 205ന് പുറത്ത്

Published by
Janam Web Desk

അഹമ്മദാബാദ്: നിർണായകമായ നാലാം ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ അടിപതറി ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 205ന് പുറത്തായി. ഇന്ത്യയ്‌ക്ക് വേണ്ടി അക്ഷർ പട്ടേൽ നാലും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർ സാക്ക് ക്രൗളിയും(9) ഡോം സിബ്ലിയും(2) നേരത്തെ മടങ്ങി. രണ്ട് പേരെയും അക്ഷർ പട്ടേലാണ് മടക്കിയത്. മൂന്നാമനായെത്തിയ ജോണി ബെയർസ്‌റ്റോ(27) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബെൻ സ്റ്റോക്‌സ് പൊരുതി നേടിയ അർദ്ധ സെഞ്ച്വറിയും ഡാൻ ലോറൻസ് നേടിയ 46 റൺസുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോർ 200 കടത്തിയത്. ഒലി പോപ്പ് 29 റൺസ് നേടി. 55 റൺസ് നേടിയ സ്റ്റോക്‌സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ.

26 ഓവറിൽ 68 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലിന്റെ പ്രകടമാണ് നിർണായകമായത്. 19.5 ഓവറിൽ 47 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ അക്ഷറിന് മികച്ച പിന്തുണ നൽകി. ബൂമ്രയ്‌ക്ക് പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് സിറാജ് 2 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.

Share
Leave a Comment