ഇസ്ലാമാബാദ്: പാകിസ്താനിൽ വിശ്വാസവോട്ട് നേടാൻ ഇമ്രാൻഖാൻ ഭരണപക്ഷ അംഗങ്ങളെ പൂട്ടിയിട്ടെന്ന് ആരോപണം. പ്രതിപക്ഷ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസാണ് ഇമ്രാനെതിരെ രംഗത്ത് വന്നത്. ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിന് രക്ഷപെട്ട ഇമ്രാൻഖാൻ രണ്ടു ഭരണപക്ഷ നേതാക്കളെ കണ്ടെയ്നറിൽ നാലുമണിക്കൂർ നേരം തടവിലാക്കിവെച്ചെന്നാണ് പ്രതിപക്ഷനേതാവായ മറിയം നാവസ് തെളിവ് നിരത്തുന്നത്. സർക്കാർ നിർദ്ദേശപ്രകാരം രഹസ്യാന്വേഷണ ഏജൻസികളാണ് തങ്ങളുടെ നേതാക്കന്മാരെ നാലു മണിക്കൂർ നേരം തടഞ്ഞുവെച്ചതെന്നും മറിയം പറഞ്ഞു.
തനിക്കെതിരെ എതിർത്ത് വോട്ട് ചെയ്യുമെന്നുറപ്പുള്ളതിനാലാണ് ഇമ്രാൻ തന്റെ നേതാക്കളെ തന്നെ പൂട്ടിയിട്ടതെന്നാണ് മറിയം പറയുന്നത്. ഇസ്ലാമാബാദിലെ ഗോൽറാ മേഖലയിലാണ് രണ്ടു നേതാക്കളെ കണ്ടെയ്നറിനകത്ത് പൂട്ടിയിട്ടത്. ഇവരോട് നിരന്തരം ഇമ്രാന് വേണ്ടി വോട്ട് ചെയ്യണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിമുഴക്കിയിരുന്നുവെന്നും മറിയം പറഞ്ഞു. ഭരണകക്ഷിക്കെതിരെ 11 പാർട്ടികളുടെ സഖ്യമാണ് പ്രതിപക്ഷത്തുള്ളത്. ജനാധിപത്യവിരുദ്ധ സർക്കാറിനെതിരെ പ്രതിപക്ഷം മാർച്ച് 26ന് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
നാഷണൽ അസംബ്ലി അംഗങ്ങൾക്ക് എല്ലാ ഭരണഘടന പരിരക്ഷയും നില നിൽക്കേയാണ് ഇമ്രാൻഖാൻ തരംതാണ നടപടികളിലൂടെ ഭരണം നിലനിർ ത്തിയതെന്ന് മറിയം പറഞ്ഞു. തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന നേതാക്കന്മാരെയാണ് വിശ്വാസവോട്ടിന്റെ സമയത്ത് കാണാതാ യതെന്ന് മറിയം പറഞ്ഞു. നേതാക്കളെ അപ്രത്യക്ഷരാക്കി ഭരിക്കുന്ന കാടത്തമാണ് ഇമ്രാന്റേതെന്നും പ്രതിപക്ഷത്തിന്റെ എതിർശബ്ദങ്ങളെ എന്നും ഇമ്രാന് ഭയമാണെന്നും മറിയം പറഞ്ഞു. ഇമ്രാൻ നേടിയ വിശ്വാസവോട്ടിന് ഭരണഘടനപരമായും നിയമപരമായും രാഷ്‌ട്രീയപരമായും യാതൊരു ധാർമ്മികമൂല്യവുമില്ലെന്നും മറിയം വ്യക്തമാക്കി.
Comments