പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണമാരംഭിച്ച് ബിജെപി. മെട്രോമാൻ ഇ ശ്രീധരനാകും മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന് ഏകദേശ ധാരണയായതോടെയാണ് ബിജെപി കേന്ദ്രങ്ങൾ പ്രചാരണമാരംഭിച്ചത്. #palakkadforMetroMan എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം. പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി കൃഷ്ണകുമാർ ഇത് സംബന്ധിച്ച് ഇട്ട ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
പാലക്കാടൻ ജനത ഇത്തവണ തീരുമാനിക്കേണ്ടത് വികസനം എങ്ങിനെ വേണം എന്നാണ് 2014 ൽ ആരംഭിച്ചു ഇനിയും പാതി വഴിയിൽ കിടക്കുന്ന മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ , കെ എസ് ആർ ടി സി സ്റ്റാൻഡ് , ടൗൺ ഹാൾ പോലെ ഒരുപാട് പാലക്കാടുകാരുടെ കൺമുന്നിലുള്ള നിർമ്മാണ ഉദ്ഘാടന വികസനം മതിയോ അതോ കൊങ്കൺ റെയിൽവേ , കൊച്ചി മെട്രോ , പാലാരിവട്ടം പാലം അങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്ന വികസന പദ്ധതികളോ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം തന്നെ ഇ ശ്രീധരൻ മണ്ഡലത്തിലെത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ഔദ്യോഗിക പ്രചാരണമാരംഭിക്കാനാണ് തീരുമാനം. ബിജെപിയുടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം ഇന്ന് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
Comments