പാലക്കാട്: പിണറായി വിജയന്റെ നയങ്ങളൊന്നും വികസനമായിരുന്നില്ലെന്ന് തുറന്നടിച്ച് മെട്രോമാൻ. പിണറായി നല്ല മുഖ്യമന്ത്രിയാണോ എന്ന് ചോദിച്ചാൽ സ്വന്തം പാർട്ടിക്ക് മാത്രമാണെന്നും ശ്രീധരൻ പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥി യായ ശേഷം ഇന്ന് പ്രചാരണം തുടങ്ങാനിരിക്കേയാണ് ശ്രീധരൻ പിണറായിക്കും ഇടതുപക്ഷത്തിനുമെതിരെ കടുത്ത വിമർശനം നടത്തിയത്.
മെട്രോയ്‌ക്കായി ഇടതുപക്ഷം സഹകരിച്ചു എന്നത് ശരിയല്ല. ഇടതുപക്ഷം വരുന്നതിന് മുന്നേ തുടങ്ങിയ പദ്ധതി ഇവരുടെ കാലത്ത് പൂർത്തിയായെന്ന് മാത്രമേയുള്ളു. സംസ്ഥാന സർക്കാർ മുന്നേ തീരുമാനിച്ച ഒരു പണി ഞങ്ങൾ മെട്രോ കോർപ്പറേഷൻ പൂർത്തിയാക്കി. എന്നാൽ കേരളത്തിന് വേണ്ട നിരവധി റെയിൽവേ പദ്ധതികളെല്ലാം ഇടതുപക്ഷം മുടക്കിയെന്ന കടുത്ത വിമർശനവും മെട്രോമാൻ നടത്തി.
ഇടതുപക്ഷ സർക്കാറുമായി സഹകരണമൊന്നും എനിക്കുണ്ടായിട്ടില്ല. പല പദ്ധതികളും മുടക്കാനല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്തിട്ടില്ല. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയ്‌ക്കായി എല്ലാ പ്രാരംഭ നടപടികളും മെട്രോകോർപ്പറേഷൻ നടത്തിയിട്ട് തികച്ചും ഏകപക്ഷീയമായി പദ്ധതി നിർത്തിവെപ്പിച്ചു. നിലമ്പൂർ തീവണ്ടി പാത തടഞ്ഞതും ഇടതുപക്ഷമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്ന് പിണറായിയുടെ നേതൃത്വത്തിൽ സി.പി.എം സമീപകാലത്തെ സംഭവങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. സ്വജനപക്ഷ പാതത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും ശ്രീധരൻ വ്യക്തമാക്കി.
പാലക്കാടിന് ലഭിക്കേണ്ട ഒരു വികസനവും സംസ്ഥാനം ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടിയും നൽകുന്നില്ല. തന്റെ ലക്ഷ്യം പാലക്കാടിനെ പഴയകാല നെല്ലിന്റെ പത്തായം എന്ന പ്രൗഢിയിലേക്ക് കൊണ്ടുവരുക എന്നതാണ്. ഒപ്പം മാലിന്യ നിർമ്മാർജ്ജനത്തിന് മികച്ച പദ്ധതി നടപ്പാക്കും. വികസനം, വ്യവസായം,
വിദ്യാഭ്യാസം,വിശുദ്ധഭരണം എന്നിവയാണ് തന്റെ മുദ്രാവാക്യമെന്നും മെട്രോമാൻ പറഞ്ഞു.
















Comments