കൊച്ചി: കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന് വി.ഇ.അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മങ്കടയിലെ സിറ്റിങ് എംഎല്‍എ ടി.എ.അഹമ്മദ് കബീര്‍ കളമശേരിയില്‍ സമാന്തര യോഗം വിളിച്ച് ചേര്‍ത്തു. അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് യോഗത്തിന്റെ ആവശ്യം. എറണാകുളം ജില്ല കമ്മിറ്റിയിലെയും ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വി.ഇ.അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു രീതിയിലും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥിയുമായി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മങ്കടയില്‍ സീറ്റ് ലഭിക്കാതെ വന്നതോടെ തന്റെ ജന്മനാടായ കളമശേരിയില്‍ മല്‍സരിക്കാമെന്നു കാണിച്ച് അഹമ്മദ് കബീര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷ പ്രതിഷേധവുമായി ഇദ്ദേഹം രംഗത്തെത്തിയത്. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെയോ മകന് അബ്ദുള്‍ ഗഫൂറിനെയോ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു.
മങ്കടയില്‍ രണ്ടു തവണ എം.എല്‍.എ.യായ താന്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതായി അഹമ്മദ് കബീര്‍ പറഞ്ഞു. അവിടെ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇത് അപമാനിക്കലാണെന്നും, പകരമായി കളമശേരിയില്‍ പരിഗണിക്കണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments