കൊച്ചി: മഹാരാജാസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കി എസ്എഫ്‌ഐ പ്രവർത്തകർ. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയുമായ റോബിൻസനാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. രാത്രി മുഴവൻ ഹോസ്റ്റൽ റൂമിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
എസ്എഫ്‌ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് റോബിൻസൺ പറയുന്നു. വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ പൂട്ടിയിട്ടത്. ഫോൺ ഉൾപ്പെടെ പ്രവർത്തകർ വാങ്ങിവച്ചു. എന്നാൽ റോബിൻസണിന്റെ പരാതി എസ്എഫ്‌ഐ നിഷേധിച്ചു. പോലീസിൽ പരാതിപ്പെട്ടാൽ വീണ്ടും മർദ്ദിക്കുമെന്നും പീഡനക്കേസിൽ ഉൾപ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഹപാഠികളിലൊരാളാണ് ഹോസ്റ്റൽ മുറിയിലേക്ക് വിളിച്ചുകൊണ്ട് പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ മുഖത്തടിച്ചു. കാര്യം തിരക്കിയപ്പോൾ ഒരുപാട് മർദ്ദിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേർ തന്നെ അടിച്ചു. പിവിസി പൈപ്പ് പൊട്ടുന്നത് വരെ കാലിൽ തല്ലി. തളർന്നു വീണപ്പോൾ എഴുന്നേറ്റ് ചാടാൻ പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. രാവിലെ റൂമിൽ നിന്നും പുറത്തിറങ്ങി വീണുപോയപ്പോൾ കൂട്ടുകാരാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും റോബിൻസൺ അറിയിച്ചു.
വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം പുറത്ത് വന്നതോടെ കോളേജിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇത്രയധികം സമയം ഒരു വിദ്യാർത്ഥിയെ മുറിയിൽ പൂട്ടിയിട്ട് അക്രമിക്കുന്നത് ഹോസ്റ്റൽ വാർഡനോ, അദ്ധ്യാപകരോ അറിഞ്ഞില്ല എന്നുള്ളത് സംശയാസ്പദമാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
















Comments