തിരുവനന്തപുരം: ലാവ്‌ലിൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഇഡി കേസെടുത്തേക്കും. സ്വരലയ തട്ടിപ്പിൽ എംഎ ബേബിയ്‌ക്കെതിരേയും ഇഡി കേസ് രജിസ്റ്റർ ചെയ്യും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ നന്ദകുമാർ കേസുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എംഎ ബേബി എന്നിവർക്കെതിരെയുള്ള രേഖകളാണ് കൈമാറിയതെന്ന് നന്ദകുമാർ പറഞ്ഞിരുന്നു.
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഇടനിലക്കാരനാണെന്നും പണം കൈപ്പറ്റിയതിന്റേയും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റേയും തെളിവുകളാണ് ഇഡിയ്‌ക്ക് കൈമാറുന്നതെന്നും നന്ദകുമാർ പറഞ്ഞിരുന്നു. ഈ മാസം 24ന് വീണ്ടും ഹാജരാകാൻ നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് കൂടുതൽ രേഖകൾ കൈമാറും. 2006ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നന്ദകുമാറിനോട് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.
Comments