മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ നിർണായക തെളിവുകൾ കണ്ടെത്തി എൻഐഎ. സച്ചിൻ വാസ് ഉപയോഗിച്ചുവെന്ന് കരുതുന്ന ആഡംബര കാർ അന്വേഷണ സംഘം പിടിച്ചെടുത്തു. കാറിൽ നിന്ന് നോട്ടെണ്ണൽ മെഷീൻ, 5 ലക്ഷം രൂപ, വസ്ത്രങ്ങൾ, മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറിന്റെ ലൈസൻസ് എന്നിവ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി.
സച്ചിൻ വാസ് കാർ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ അനിൽ ശുക്ല അറിയിച്ചു. അംബാനിയുടെ വീട്ടിന് സമീപം കണ്ടെത്തിയ കാർ മരിച്ച മൻസുകിന്റെ അല്ലെന്നും സച്ചിന്റെയാണെന്നുമുള്ള തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് ഭാര്യ നൽകിയ മൊഴിയെ കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എൻഐഎ വ്യക്തമാക്കി.
സച്ചിൻ വാസിന്റെ ഓഫീസിൽ ഇന്നലെ എൻഐഎ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലാപ്‌ടോപ്പ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെവരെ നീണ്ടിരുന്നു. നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. കേസിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം ഏഴ് പേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്‌ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുകിനെ ഈ മാസം അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ ഭർത്താവിനെ സച്ചിൻ വാസ് കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യയുടെ ആരോപണം. മൻസുകിന്റെ കൈയ്യിൽ നിന്നും ഫെബ്രുവരി 18ന് മോഷണം പോയ വാഹനം സച്ചിന്റെ പക്കലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ വാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
















Comments