രാജ്യത്ത് നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ: കൊറോണ പോരാളികൾക്ക് ആദരവുമായി മൻകിബാത്തിൽ പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: കൊറോണ പോരാളികളെ ഭാവി തലമുറകൾ എന്നും ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 75-ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യം ജനതാ കർഫ്യൂ ആചരിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം തുടങ്ങിയത്. അത് ലോകമെമ്പാടും ഒരു മാതൃകയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയാണ് ഇന്ത്യയിൽ നടക്കുന്നത്. ഉത്തർപ്രദേശിൽ 109 കാരിയായ സ്ത്രീക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. അതുപോലെ ഡൽഹിയിൽ 107 കാരനായ ഒരാൾക്ക് പ്രതിരോധ വാക്‌സിൻ നൽകി. കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധവും കരുതലും ഇനിയും തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരം മിഥാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റൺസ് നേടിയ റെക്കോർഡ് നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൂടാതെ ബിഡബ്ല്യുഎഫ് സ്വിസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ പി വി സിന്ധുവിനേയും അദ്ദേഹം പ്രശംസിച്ചു. ശാസ്ത്രം, കായികം, തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യൻ വനിതകൾ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോയമ്പത്തൂരിലെ ബസ് കണ്ടക്ടറായ മാരിമുത്തു യോഗനാഥനേയും പ്രധാനമന്ത്രി പ്രശംസിച്ചു. ടിക്കറ്റിനൊപ്പം ബസ് യാത്രക്കാർക്ക് അദ്ദേഹം സൗജന്യമായി തൈകൾ നൽകുന്നു. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ഇതിനായി ചെലവഴിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അമൃത് മഹോത്സവുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്തുടനീളം നടക്കുന്നു. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പോരാട്ടമായിരിക്കട്ടെ, ഒരു സ്ഥലത്തിന്റെ ചരിത്രമോ രാജ്യത്തു നിന്നുള്ള ഏതെങ്കിലും സാംസ്‌കാരിക കഥയോ ആകട്ടെ, എല്ലാം രാജ്യം ഒരുമിച്ച് ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share
Leave a Comment