ടോക്കിയോ: ജപ്പാന്റെ അധീനതയിലുളള സെൻകാകൂ ദ്വീപസമൂഹത്തിന് മേലുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ വിദഗ്ധർ. മേഖലയുടെ സമാധാനാന്തരീക്ഷത്തിന് ചൈന ഭീഷണിയാകുന്നത് തെളിവു സഹിതമാണ് റിപ്പോർട്ടിൽ പറയുന്നത്. കിഴക്കൻ ചൈനാ കടലിലെ സെൻകാകൂ ദ്വീപസമൂഹത്ത് ചൈനീസ് നാവിക സേനാ കപ്പലുകളും ആയുധങ്ങൾ നിറച്ച മറ്റ് കപ്പലുകളും വിന്യസിക്കുന്നത് തുടരുകയാണ്. ജപ്പാന്റെ ദ്വീപ് ചൈനയുടെ സ്വന്തമെന്നാണ് അവർ അവകാശപ്പെടുന്നത്. ദിയോയൂ എന്നാണ് സെൻകാകുവിനെ ചൈന വിളിക്കുന്നത്.
ജപ്പാന്റെ തുടർച്ചയായുള്ള മുന്നറിയിപ്പുകളെ നിഷേധിച്ചുകൊണ്ടാണ് ചൈനയുടെ നടപടി. വിദേശകപ്പലുകൾക്ക് നേരെ ആയുധങ്ങൾ പ്രയോഗിക്കാൻ തീരസുരക്ഷാ വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുന്ന നിയമം പാസ്സാക്കിയ ശേഷമാണ് ചൈനയുടെ നീക്കം വേഗത്തിലായത്. ജപ്പാന്റെ മത്സ്യബന്ധനബോട്ടുകളെ സെൻകാകൂ മേഖലയിൽ തടയുന്നതും ചൈന തുടരുകയാണ്.
ജപ്പാന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചൈനയുടെ നീക്കങ്ങൾ അപകടകരവും ജപ്പാന് എന്നെന്നേക്കുമായി സെൻകാകു നഷ്ടപ്പെടുമെന്നും അവർ പറയുന്നു. അമേരിക്കയ്‌ക്ക് ഭീഷണിയായി പെസഫിക്കിലേക്ക് നീങ്ങാനാണ് ചൈന സെൻകാകു കേന്ദ്രമാക്കാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Comments