കൊച്ചി: ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി തീയേറ്റർ ഉടമകൾ. ഫഹദ് നായകനായ ചിത്രങ്ങൾ തുടർച്ചയായി ഓടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്ഡൗൺ കാലത്തും പിന്നീടും ഫഹദിന്റെ മൂന്ന് ചിത്രങ്ങളാണ് ഒടിടിയിലൂടെ റിലീസ് ചെയ്തത്.
മഹേഷ് നാരായൺ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ഒടിടിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തീയേറ്ററിൽ എത്തിക്കുന്നത് വിലക്കുമെന്നാണ് ഫിയോക്കിന്റെ നിലപാട്. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.
ഫഹദ് ഫാസിൽ നായകനായ മാലിക് റംസാൻ ചിത്രമായി തീയേറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കേയാണ് ഫിയോക്ക് ഇത്തരത്തിൽ നിലപാട് എടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തിൽ എത്തണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഫഹദിന്റെ തീരുമാനം പുറത്തുവന്നിട്ടില്ല.
Comments