ജയ്പൂർ: രാജസ്ഥാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 320 ഡോസ് കൊറോണ പ്രതിരോധ വാക്‌സിൻ മോഷണം പോയി. ജയ്പൂരിലെ കൻവാതിയ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് മോഷണം പോയത്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 380 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാക്‌സിൻ കാണാതായ സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിൻ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ വിറ്റതായാണ് സംശയിക്കുന്നത്. 32 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാക്‌സിൻ ഡോസുകളാണ് മോഷണം പോയത്. ഒരു കുപ്പിയിൽ 10 ഡോസ് വാക്‌സിനാണ് ഉണ്ടാകുക. ആശുപത്രി സൂപ്രണ്ട് സംഭവത്തിൽ പോലീസിൽ പരാതി നൽകി.
വാക്‌സിൻ മോഷണം പോയ സംഭവം വിശ്വസിക്കാനാകുന്നില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ നരോത്തം ശർമ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന് അടുത്തിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ മോഷണം പോയ വിവരവും പുറത്തുവരുന്നത്.
















Comments