മഴക്കാലം തുടങ്ങുന്നതോടെ ആളുകള്‍ പേടിക്കുന്ന ഒന്നാണ് ഇടിയും മിന്നലും. ഇടിമിന്നലേറ്റ് ഉണ്ടാകുന്ന നിരവധി അപകടങ്ങളും മരണങ്ങളും തുടര്‍ന്നുളള ദിവസങ്ങളില്‍ മാദ്ധ്യമങ്ങളിലെ നിത്യ കാഴ്ചയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഇടിമിന്നലിന്റെ അപൂര്‍വമായ ഒരു കാഴ്ചയാണ്. ഇടിമിന്നലേറ്റ് നിന്ന് കത്തുന്ന പൈന്‍ മരത്തിന്റേതാണ് ആ ദൃശ്യങ്ങള്‍. അമേരിക്കയിലെ വിസ്കോന്സില് നിന്നുള്ളതാണ് ഈ കാഴ്ച. ഇടിമിന്നല്‍ ഏറ്റപ്പോള്‍ തന്നെ മരത്തിനു തീപിടിച്ചു. പിന്നീട് പല ശിഖരങ്ങളായി അത് അടര്‍ന്നു വീണു. കത്തിയമര്‍ന്ന് അവസാനം അത് നിലംപതിച്ചു.
അമേരിക്കയിലെ ദേശീയ കാലവസ്ഥ വകുപ്പ് ഉള്‍പ്പടെ നിരവധി പേര് ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൈന്‍ മരം കത്തിയമര്‍ന്ന് ഇല്ലാതാകുന്നതിന്റെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇടിമിന്നലുള്ള സമയങ്ങളില്‍ മരത്തിന്റെ ചുവട്ടില്‍ അഭയം കണ്ടെത്തുന്നത് അപകടകരമാണ് എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ. ഇടിമിന്നല്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ചില കാരണങ്ങളാല്‍ മേഘങ്ങളിലും ഭൗമോപരിതലത്തിലും വന്‍തോതില്‍ വൈദ്യുത ചാര്‍ജ് സംഭരിക്കപ്പെടാറുണ്ട്.
ഇങ്ങനെ മേഘങ്ങളില്‍ സംഭരിക്കപ്പെടുന്ന പോസിറ്റിവ്, നെഗറ്റിവ് ചാര്‍ജുകള്‍ തമ്മിലും മേഘങ്ങളിലും ഭൗമോപരിതലത്തിലും സംഭരിക്കപ്പെടുന്ന ചാര്‍ജുകള്‍ തമ്മിലും ആകര്‍ഷിക്കപ്പെട്ട് അന്തരീക്ഷത്തിലൂടെ അത്യധികമായ വൈദ്യുതി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ പ്രവാഹം വായുവിനെ ചുട്ടുപഴുപ്പിക്കുന്നതു മൂലം ഉണ്ടാകുന്ന അഗ്നിസ്ഫുലിംഗങ്ങളാണ് മിന്നലുകള്‍. ഇടിമിന്നലുള്ള സമയത്ത് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിന് എതിരെ ജാഗ്രത സ്വീകരിക്കേണ്ടത് ആത്യാവശ്യമാണ്. കൂടാതെ ഇടിമിന്നലേറ്റ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നല്‍കേണ്ടതും അത്യാവശ്യമാണ്.
Comments