ന്യൂഡൽഹി: സംസ്‌കൃതം ഔദ്യോഗിക ഭാഷയാക്കാൻ ഡോ. ബിആർ അംബേദ്കർ നിർദ്ദേശിച്ചിരുന്നുവെന്ന് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. എന്നാൽ ആ നിർദ്ദേശങ്ങൾ മുന്നോട്ട് പോയില്ലെന്നും ബോബ്‌ഡെ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ലോ യൂണിവേഴ്‌സിറ്റിയുടെ പുതിയ അക്കാദമിക് ബിൽഡിങ്ങിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ബോബ്‌ഡെയുടെ പരാമർശം. ഏത് ഭാഷയിൽ പ്രസംഗിക്കണം എന്നതിൽ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് പറഞ്ഞാണ് ബോബ്‌ഡെ പ്രസംഗം തുടങ്ങിയത്.
ഇംഗ്ലീഷ് വേണോ അതോ മറാത്തിയിൽ വേണോ എന്ന ആശയക്കുഴപ്പം നമ്മുടെ രാജ്യത്ത് ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. കോടതിയിലും ഏത് ഭാഷ ഉപയോഗിക്കണമെന്ന ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായുള്ള കോടതികൾ രാജ്യത്തുണ്ട്. എന്നാൽ ചിലർക്ക് തമിഴ് വേണം, മറ്റ് ചിലർക്ക് തെലുങ്കും. എന്നാൽ അംബേദ്കർ മുന്നോട്ട് വച്ചത് രാജ്യത്തെ ഔദ്യോഗിക ഭാഷ സംസ്‌കൃതമാക്കണമെന്നാണ്. എന്നാൽ ഈ നിർദ്ദേശം ആരും ശ്രദ്ധിച്ചില്ലെന്ന് ബോബ്‌ഡെ പറയുന്നു.
ഉത്തരേന്ത്യക്കാർ തമിഴും ദക്ഷിണേന്ത്യക്കാർ ഹിന്ദിയും അംഗീകരിച്ചില്ല. ഇതിന് പരിഹാരം സംസ്‌കൃതമാണെന്ന് അംബേദ്കർ വിശ്വസിച്ചു. അദ്ദേഹത്തിന് പുറമെ പല മതപണ്ഡിതന്മാരും ഇത് വിശ്വസിച്ചുവെന്നും ബോബ്‌ഡെ കൂട്ടിച്ചേർത്തു. വെറുമൊരു നിയമ വിദഗ്ധൻ മാത്രമായിരുന്നില്ല അംബേദ്കർ. രാഷ്‌ട്രീയമായും സാമൂഹികമായും നടക്കുന്ന പല കാര്യങ്ങളേയും പറ്റി അറിവുണ്ടായിരുന്നു. പാവപ്പെട്ടവരും പണക്കാരും ആഗ്രഹിക്കുന്നത് എന്താണെന്ന് അംബേദ്കറിന് അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിർദ്ദേശം വിജയിച്ചില്ലെന്നും ബോബ്‌ഡെ അറിയിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഭൂഷൺ ഗവായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
















Comments