ശ്രീനഗർ : ജമ്മു കശ്മീരിൽ സർക്കാർ സർവീസിൽ നിന്ന് രാജ്യവിരുദ്ധ ശക്തികളെ പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരേയും വിഘടനവാദ അനുകൂല നയങ്ങളുമുള്ളവരെയാണ് സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കുന്നത്. തഹസീൽദാർ, പ്രൊഫസർമാർ, അദ്ധ്യാപകർ തുടങ്ങിയ തസ്തികയിൽ ജോലി ചെയ്തവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ജനങ്ങൾ നൽകുന്ന നികുതിപ്പണം രാജ്യ വിരുദ്ധ ശക്തികൾക്ക് ശമ്പളം വാങ്ങാനുള്ളതല്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് സർക്കാർ സർവീസിൽ നിന്ന് ഇന്ത്യ വിരുദ്ധ ജീവനക്കാരെ പുറത്താക്കുന്നത്. രാജ്യ വിരുദ്ധ പ്രവർത്തനത്തിന് കേസുകൾ നിലവിലുള്ളവരെയാണ് സമഗ്രമായ പരിശോധനക്ക് ശേഷം പുറത്താക്കുന്നത്. ഇതിന് വേണ്ടി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
നിലവിൽ ആയിരത്തിലധികം സർക്കാർ ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയിലുള്ളത്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയർത്തുന്നവരെ കഴിഞ്ഞ കുറച്ചു നാളുകളായി നിരീക്ഷിക്കുന്നുണ്ട്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവരെ ഏറ്റവും പെട്ടെന്ന് സർവീസിൽ നിന്ന് പുറത്താക്കുമെന്നാണ് അന്ത്യശാസനം.
ഈയിടെ അന്തരിച്ച മുൻ ഗവർണർ ജഗ്മോഹൻ കശ്മീർ ഭരിച്ച സമയത്താണ് മുൻപ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കുകയും ജമാ അത്തെ ഇസ്ലാമി അംഗങ്ങളെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നരസിംഹറാവു സർക്കാർ ഇത് റദ്ദ് ചെയ്യുകയായിരുന്നു.
Comments