തിരുവനന്തപുരം: സംസ്ഥാന രാഷ്‌ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തിലെ ചുമതലകൾ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും ഡൽഹിയിലേക്ക് മാറുന്നത് അലോചിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ദേശീയ നേതൃത്വത്തിലേക്കെന്ന വിവരങ്ങളും പ്രചരിച്ചിരുന്നു.
ഹരിപ്പാട് എംഎൽഎ ആയതുകൊണ്ട് ഇവിടെത്തന്നെയാകും പ്രവർത്തന കേന്ദ്രം. ഡൽഹിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ആരും പറഞ്ഞിട്ടുമില്ല. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന എളിയ കാര്യങ്ങൾ ചെയ്ത് ഇവിടെയുണ്ടാകുമെന്ന് ചെന്നിത്തല സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വിഡി സതീശനുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്‌ട്രീയ പ്രവർത്തകരിൽ ഒരാളാണ് സതീശൻ. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
അർഹതപ്പെട്ട പല സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കാതെ പോയ നേതാവാണ് സതീശനെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അപ്പോഴെല്ലാം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ ചെയ്തു. കോൺഗ്രസും യുഡിഎഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദർഭം. കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസ നേരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments