തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്ക്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. പൊങ്കാലയുടെ മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും നീക്കം ചെയ്തിരുന്നുവെന്നും അതിന് ചിലവായ കണക്കാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നുമാണ് ആര്യയുടെ വിശദീകരണം. ക്ഷേത്രവളപ്പില്‍ പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. 5000 പേരെ പൊങ്കാല അർപ്പിക്കാൻ പങ്കെടുപ്പിക്കാനും തീരുമാനമുണ്ടായിരുന്നു.
അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയത്. അതിന് വാടക മുന്‍കൂര്‍ അനുവദിക്കേണ്ടിവന്നുവെന്നും ആര്യ രാജേന്ദ്രൻ വിശദമാക്കുന്നു . ഇതിൻെ പേരിൽ മേയർക്കും നഗരസഭയ്ക്കും എതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആര്യാ രാജേന്ദ്രൻ ആവശ്യപ്പെടുന്നു.
പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്ക്കെടുത്ത സംഭവത്തിൽ മേയർക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഇത്തവണ ഭക്തർ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ അനുമതി നൽകിയെന്നുമാണ് ആരോപണം.
Comments