ദോഹ: അന്താരാഷ്‌ട്ര ഫുട്‌ബോളർമാരുടെ തലപ്പത്തേക്ക് ഇന്ത്യൻ താരം സുനിൽ ഛേത്രി. രാജ്യത്തിനായി അന്താരാഷ്‌ട്രതലത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് സുനിൽഛേത്രി അടുത്തത്. സാക്ഷാൽ ലയണൽ മെസ്സിയെയാണ് ദോഹയിൽ ഛേത്രി മറികടന്നത്. ബംഗ്ലാദേശിനെ 2-0ന് തോൽപ്പിച്ചതോടെയാണ് രണ്ടു ഗോളും നേടിയ ഛേത്രി അർജ്ജന്റീനയുടെ ലോകോത്തര താരം ലയണൽ മെസ്സിയെ മറികടന്നത്.
36കാരനായ ഛേത്രി രണ്ടാം പകുതിയുടെ 79,92 മിനിറ്റുകളിലാണ് ഗോളുകൾ നേടി ടീമിനെ വിജയിപ്പിച്ചത്. ഇതോടെ ആകെ അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണം 74 ആയി. മെസ്സി ആകെ നേടിയിട്ടുള്ളത് 72 ഗോളുകളാണ്. 73 ഗോളുകൾ നേടിയ അലി മാഖോട്ടാണ് മെസ്സിക്കും മുകളിൽ മൂന്നാം സ്ഥാനത്തുള്ളത്. 103 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ മുന്നിലാണ്. ഛേത്രിയുടെ അന്താരാഷ്‌ട്ര രംഗത്തെ നേട്ടത്തെ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ അഭിനന്ദിച്ചു.















