ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ആവേശത്തിന്റെ ഉത്സവമാണെങ്കില്‍, കാഴ്ചയില്ലാത്ത ഒമ്പതുകാരന്‍ അലിറേസയ്‌ക്ക് അത് അച്ഛന്റെ കൈകളിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ച വികാര നിമിഷങ്ങളായിരുന്നു. ഫിഫ ലോകകപ്പ് 2026 മത്സരങ്ങള്‍ മകന് വ്യത്യസ്തമായ രീതിയില്‍ അനുഭവിപ്പിച്ച ഒരു ഇറാനിയന്‍ പിതാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ളവരുടെ ഹൃദയം തൊടുന്നത്.
സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ഉയര്‍ന്ന അടയാളങ്ങളുള്ള കാര്‍ഡ്‌ബോര്‍ഡ് ഫുട്‌ബോള്‍ മൈതാനത്തില്‍ മകന്റെ വിരലുകള്‍ ചലിപ്പിച്ചുകൊണ്ട് ഓരോ പാസും ആക്രമണവും ഗോളും തത്സമയം വിവരിച്ചാണ് അദ്ദേഹം മത്സരം ‘കാണിച്ചുകൊടുത്തത്’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് ഇതിനകം 14 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
View this post on Instagram
വൈറലായ വീഡിയോയില്‍ പോര്‍ച്ചുഗല്‍ ഉസ്‌ബെക്കിസ്ഥാനെ 5-0ന് തോല്‍പ്പിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ രണ്ടാം ഗോള്‍ മകന് അച്ഛന്‍ വിശദീകരിക്കുന്നതാണ് കാണുന്നത്. കാര്‍ഡ്‌ബോര്‍ഡ് ടാക്ടിക്കല്‍ ബോര്‍ഡിലൂടെ പന്തിന്റെ നീക്കം വിരലുകളില്‍ അനുഭവിപ്പിച്ച ശേഷം ‘റൊണാള്‍ഡോ ഗോള്‍ നേടി’ എന്ന് പറഞ്ഞ നിമിഷത്തെ കുട്ടിയുടെ സന്തോഷം സമൂഹമാധ്യമ ഉപയോക്താക്കളെ കണ്ണീരണിയിച്ചു.
മറ്റൊരു വീഡിയോയില്‍ ഇറാന്റെ നിര്‍ണായക ലോകകപ്പ് മത്സരത്തിനിടെയും ഇതേ രീതിയില്‍ മകന് മത്സരം അനുഭവിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗോള്‍ പിറന്ന നിമിഷം അച്ഛന്‍ അത് അറിയിച്ചതോടെ അലിറേസയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം നിരവധി പേരെ വികാരഭരിതരാക്കി. ലോകകപ്പില്‍ നിന്ന് ഇറാന്‍ പുറത്തായെങ്കിലും, ഈ പിതാവിന്റെ സ്‌നേഹവും കരുതലും ലോകമെമ്പാടും അഭിനന്ദനം നേടുകയാണ്.
കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് അനുഭവങ്ങള്‍ നിഷേധിക്കുകയല്ല, അവര്‍ക്കനുയോജ്യമായ രീതിയില്‍ മാറ്റിയൊരുക്കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറുണ്ട്. പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുന്നതും, സ്പര്‍ശത്തിലൂടെ പഠിക്കാവുന്ന കളികള്‍ ഒരുക്കുന്നതും, ചുറ്റുപാടുകള്‍ വിശദീകരിക്കുന്നതും, കായികമത്സരങ്ങള്‍ അനുഭവിപ്പിക്കുന്നതുമെല്ലാം അവരുടെ ആത്മവിശ്വാസത്തിനും മാനസിക വളര്‍ച്ചയ്‌ക്കും വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍.
ഈ പിതാവ് ഒരുക്കിയ കാര്‍ഡ്‌ബോര്‍ഡ് മൈതാനവും അതിന്റെ മികച്ച ഉദാഹരണമാണ്. ഫുട്‌ബോള്‍ ആസ്വദിക്കാന്‍ കഴിയില്ലെന്ന് മകനോട് പറയുന്നതിനുപകരം, അതിലേക്ക് മറ്റൊരു വഴി അദ്ദേഹം കണ്ടെത്തുകയായിരുന്നു. വിലകൂടിയ കളിപ്പാട്ടങ്ങളോ ആധുനിക സാങ്കേതികവിദ്യയോ അല്ല, മകന്റെ കൂടെ ചെലവഴിച്ച സമയമാണ് ഈ കഥയെ പ്രത്യേകമാക്കുന്നത്. മുഴുവന്‍ മത്സരവും മകന്റെ അരികിലിരുന്ന് ഓരോ നിമിഷവും വിശദീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത അച്ഛന്‍, ഒരു ഫുട്‌ബോള്‍ മത്സരം മകന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.















