തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ റിസർവ് ചെയ്യാം.
നാഷണൽ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.
യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
അതേസമയം ആരോഗ്യ വകുപ്പ് സർവ്വീസ് പുനരാരംഭിക്കുന്നതിനെതിരെ എത്തിയിരുന്നു. രോഗവ്യാപന നിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും പ്രതീക്ഷിച്ചപോലെ കുറവില്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങുന്നതിനെതിരെ ആരോഗ്യ വകുപ്പ് എത്തിയത്. സർവ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കെ.എസ്.ആർ.ടി.സിയോടും ഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.
Comments