പാലക്കാട്: പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയിൽ കൊറോണ രോഗ ബാധിതയായ വനവാസി യുവതിയ്‌ക്ക് പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. പ്രവസവേദന എടുത്തിട്ടും യുവതിയെ ലേബർറൂമിലേക്ക് മാറ്റാത്തതിനാൽ കട്ടിലിൽ കിടന്ന് പ്രസവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.
നേഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പരാതി നൽകി. അട്ടപ്പാടി പാലൂർ ഊരിലെ മാരിയത്താളിനാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് രാവിലെ ആറ് മണി മുതൽ ഇവർക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നാണ് യുവതിയുടെ പരാതി. ഇതിനായി ആശുപത്രി അധികൃതരുമായി വഴക്കിട്ടതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണം ആശുപത്രി നിഷേധിച്ചു.
തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയെ ആശുപത്രിയിൽ എത്തിച്ചതു മുതൽ കൃത്യമായ പരിചരണം നൽകി. ഗർഭിണികളായ കൊറോണ രോഗികൾക്ക് പ്രത്യേക സംവിധാനമാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസമായി നവജാത ശിശുവിന് ചലനമില്ലായിരുന്നു. യുവതിക്ക് മരുന്ന് നൽകി പ്രസവിപ്പിക്കുകയാണുണ്ടായതെന്നും മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും ആശുപത്രി സൂപ്രണ്ട് സൂപ്രണ്ട് ഡോ. ജയശ്രി പ്രതികരിച്ചു.
















Comments