കൊച്ചി: നയതന്ത്ര കള്ളക്കടക്ക് കേസിൽ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് നെടുമ്പാശ്ശേരിയിൽ പിടിയിലായത്. ദുബൈയിൽ നിന്ന് എത്തിയ മുഹമ്മദ് മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശേരിയിലെത്തി അറ്‌സറ്റ് ചെയ്തത്. ദുബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ്.
കേസിൽ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് മുഹമ്മദ് മൻസൂർ. ഫൈസലിനെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാൻ സാധിച്ചിട്ടില്ല. ഫൈസൽ ഫരീദ് അടക്കമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ മൻസൂറിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിക്കുന്നത് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുഹമ്മദ് മൻസൂറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പല തവണ സ്വർണം കടത്തിയിട്ടുള്ള ഇയാൾ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണ്. മുഹമ്മദ് മൻസൂറിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടരുകയായിരുന്നു. ഇതോടെ ദുബൈയിൽ നിന്ന് നാട്ടിലേക്ക് പോകാൻ ഇയാൾ നിർബന്ധിതനാവുകയായിരുന്നു.
















Comments