ലക്‌നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ വളച്ചൊടിച്ചവർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മുസ്ലീം വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇക്കൂട്ടർ പ്രചരിപ്പിച്ചത്.
ട്വിറ്ററും രണ്ട് കോൺഗ്രസ് നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമടക്കം ഒൻപത് പേർക്കെതിരെയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. ഗാസിയാബാദ് പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടും വീഡിയോ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ല. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം സെഷൻ 153, 153എ, 295എ, 505, 120ബി എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം പാലിക്കാൻ ട്വിറ്റർ തയ്യാറായിരുന്നില്ല. പിന്നാലെ ട്വിറ്ററിനുള്ള നിയമ പരിരക്ഷ കേന്ദ്രസർക്കാർ നീക്കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന്റെ ഉള്ളടക്കത്തിന്റെ പേരിലാണ് കേസ്. വീഡിയോ നീക്കം ചെയ്യാത്തത് ആളുകളിൽ വർഗ്ഗീയ വിദ്വേഷം പടർത്താൻ കാരണമാകുന്നു എന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു.
മാദ്ധ്യമപ്രവർത്തകരായ റാണ ആയുബ്, സബ നഖ്വി, മുഹമ്മദ് സുബൈർ, ഓൺലൈൻ വാർത്താ പോർട്ടലായ ദ വയർ എന്നിവരാണ് കേസ് നേരിടുന്ന മറ്റുള്ളവർ. സംഭവത്തിൽ വയോധികനെ മർദ്ദിച്ച രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവേഷ് ഗുജ്ജാർ, കുല്ലു, പോളി, ആരിഫ്, ആദിൽ, മുഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
ലോണി സ്വദേശി അബ്ദുൾ സമദിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. പ്രദേശത്തെ വ്യാജ സിദ്ധൻ കൂടിയായ അബ്ദുൾ സമദ് രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധി എന്ന പേരിൽ തകിട് നൽകിയിരുന്നു. എന്നാൽ ഇത് വിപരീത ഫലമുണ്ടാക്കി. ഇതേ തുടർന്നാണ് ഗുജ്ജാറും സംഘവും സമദിനെ മർദ്ദിച്ചത്. അക്രമി സംഘത്തെ സമദിന് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.
















Comments