ചെന്നൈ: തമിഴ്നാട്ടിലെ മൃഗശാലയിലെ ഒരു സിംഹം കൂടി കൊറോണ ബാധിച്ച് ചത്തു. വണ്ടല്ലൂർ മൃഗശാലയിലെ 12 വയസുള്ള പത്മനാഭൻ എന്ന സിംഹമാണ് രോഗം ബാധിച്ച് ചത്തത്. മൃഗശാലയിലെ ഒൻപത് സിംഹങ്ങൾക്ക് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഒരു സിംഹം മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.
9 വയസുള്ള നീല എന്ന പെൺ സിംഹമാണ് കഴിഞ്ഞ ആഴ്ച കൊറോണ ബാധിച്ച് ചത്തത്. തുടർന്ന് ഇവിടെയുള്ള ബാക്കി സിംഹങ്ങളുടെ സാംപിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഒൻപത് സിംഹങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റ് സിംഹങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മൃഗശാലയിലെ അധികൃതർ അറിയിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി മൃഗശാലയും അടച്ചിരുന്നു. മൃഗശാലയിൽ കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചതോടെ മറ്റ് മൃഗശാലയിലെ മൃഗങ്ങളുടേയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.
Comments