പത്തനംതിട്ട: ഭീകര സംഘടനയായ ഐഎസിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവർത്തകനെ പുറത്താക്കി ഡിവൈഎഫ്ഐ. ഐഎസിനെതിരെ പോസ്റ്റിട്ട രാഹുൽ പി.ആർ എന്ന പ്രവർത്തകനെയാണ് പുറത്താക്കിയത്. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലാണ് സംഭവം. ഡിവൈഎഫ്ഐ കോട്ടാങ്ങൽ മേഖലാ കമ്മറ്റിയുടേതാണ് നടപടി. എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായതാണ് കോട്ടാങ്ങൽ.
നിമിഷാ ഫാത്തിമ അടക്കമുള്ള ഐഎസിൽ ചേർന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രാഹുൽ പൂർണ്ണമായി പിന്തുണയ്ക്കുകയും ഐഎസ് ഭീകരവാദത്തെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രാഹുലിനെ ഡിവൈഎഫ്ഐ പുറത്താക്കിയത്.
‘രാഹുൽ പിആർ എന്നയാളിനെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാദ്ധ്യമ രംഗത്തെ നിരന്തര ഇടപെടലുകൾ കൊണ്ടും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡിവൈഎഫ്ഐ കോട്ടാങ്കൽ മേഖലാകമ്മറ്റി ഫെയ്സ് ബുക്കിലൂടെതന്നെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Comments