കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ നിഗമനങ്ങളുമായി പോലീസ്. സ്വർണക്കടത്തിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് ഇപ്പോഴുയരുന്ന സംശയം. അപകട സമയത്ത് രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊടുവള്ളി സംഘവും ചെർപ്പുളശ്ശേരി സംഘവുമാണ് ഉൾപ്പെട്ടിട്ടുള്ളത്. മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
രണ്ട് സംഘങ്ങളിലേയും വാഹനങ്ങൾ മാറിമാറി ചെയ്‌സ് നടത്തിയതാണ് അപകടത്തിന് കാരണമായത്. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനാണ്. കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. കൊടുവള്ളി സ്വദേശി മൊയ്തിന്റെ നിർദ്ദേശ പ്രകാരമാണ് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ സംഘമെത്തിയതെന്നും പോലീസ് പറയുന്നു. ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും സൂചനയുണ്ട്.
കസ്റ്റഡിയിലുള്ളവരെ കരിപ്പൂർ പോലീസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. ചെർപ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വർണം കവർന്നിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശിയായ സുഫിയാൻ എന്നയാളാണ് കവർച്ചാ സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കണ്ടെത്തൽ. ഈ കവർച്ചയ്‌ക്കായി ടിഡിവൈ എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവർത്തനം. ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ള സലീം മുഖേനയാണ് സുഫിയാൻ സംഘത്തിലെ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്.
കൊടുവള്ളിയിൽ നിന്ന് സ്വർണ്ണം സ്വീകരിക്കാൻ സംഘമെത്തിയത് മഹീന്ദ്ര ഥാറിലും മറ്റൊരു കാറിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘാംഗങ്ങളെ പിടികൂടി ചോദ്യം ചെയ്യാനാണ് തീരുമാനം. രാമനാട്ടുകരയിൽ ഇന്നലെ പുലർച്ചെ 4.45നുണ്ടായ അപകടത്തിൽ കരിപ്പൂരിൽ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
















Comments