സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മഴ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഐ.സി.സി ഏറ്റെടുക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. മഴയെക്കുറി ച്ചറിയാമായിരുന്നിട്ടും നിഷ്പക്ഷ വേദിയായ ദുബായ് പരിഗണിക്കാതിരുന്നതിനേയും പീറ്റേഴ്‌സൺ ചൂണ്ടിക്കാട്ടി. ഐ.സി.സി ആസ്ഥാനം ദുബായ് ആണെന്നിരിക്കെ എന്തിനാണ് ഇംഗ്ലണ്ടിലേക്ക് ഇത്രയും പ്രധാനപ്പെട്ട മത്സരം മാറ്റിയതെന്നാണ് പീറ്റേഴ്‌സൺ ചോദിക്കുന്നത്.
‘ഐ.സി.സിയിൽ താനാണ് തീരുമാനം എടുക്കേണ്ട സ്ഥാനത്തെങ്കിൽ മത്സരം ദുബായിയിൽ നടത്തുമായിരുന്നു. ഏതു സമയത്തും കാലാവസ്ഥ അനുകൂലമായ പ്രദേശമെന്ന നിലയിൽ അത് പരിഗണിക്കണമായിരുന്നു. ഒപ്പം യാത്രാസൗകര്യങ്ങൾക്കും താമസത്തിനും ദുബായ് എല്ലാവർക്കും ഏറെ സഹായവുമാണ്.’ പീറ്റേഴ്‌സൺ ട്വിറ്ററിൽ കുറിച്ചു.
ലോക ടെസ്റ്റ് ടീം ചാമ്പ്യന്മാർ ആരെന്ന് തീരുമാനിക്കുന്ന ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ ദിവസം തന്നെ മഴയെത്തിയതിനെ തുടർന്ന് മുടങ്ങിയ മത്സരം രണ്ടാം ദിവസവും മുഴുവനായി കളിക്കാനായില്ല. മൂന്നാം ദിവസം മത്സരം പൂർണ്ണമായി നടന്നെങ്കിലും നാലാം ദിവസമായ ഇന്ന് കളി വീണ്ടും മുടങ്ങി. ഇനി റിസർവ്വ് ദിനമടക്കം രണ്ടു ദിവസം മാത്രമാണ് ബാക്കി. ഇനിയും ആദ്യ ഇന്നിംഗ്‌സ് പൂർത്തിയായിട്ടുമില്ല. രണ്ടു ദിവസം കൊണ്ട് ആകെ 142 ഓവറുകൾ മാത്രമാണ് ഇരുടീമുകൾക്കുമായി ലഭിച്ചത്.
















Comments