ന്യൂഡൽഹി: പകർപ്പവകാശമുള്ള ഗാനം ട്വിറ്ററിൽ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പകർപ്പവകാശമുള്ള എ.ആർ റഹ്മാന്റെ മാ തുജേ സലാം എന്ന ഗാനം ഉപയോഗിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് വിവരം. ട്വിറ്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസിലെ പകർപ്പവകാശ നിയമമായ ഡിജിറ്റൽ മിലേനിയം കോപ്പിറൈറ്റ് ആക്ടിന്റെ ലംഘനങ്ങൾ രേഖപ്പെടുത്തുന്ന ലുമെൻ എന്ന വെബ് ആർക്കൈവിലാണ് ഇതുസംബന്ധിച്ച വിവരം ഉള്ളത്. സോണി മ്യൂസിക്കിന് വേണ്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദ ഫോണോഗ്രാഫിക് ഇൻഡസ്ട്രി മെയ് 24ന് നൽകിയ പരാതിയെ തുടർന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. 2017 ഡിസംബറിലെ ട്വീറ്റിനെതിരെയാണ് പരാതി. പരാതിയിൽ ട്വിറ്റർ നടപടി എടുത്തത് ഇന്നലെയാണെന്നും ലുമെൻ ആർക്കൈവിൽ പറയുന്നു.
ഇന്നലെ ഒരു മണിക്കൂർ നേരത്തേയ്‌ക്ക് ട്വിറ്റർ ബ്ലോക്ക് ചെയ്ത കാര്യം കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. പുതിയ ഐടി ചട്ടം പാലിക്കാത്തതുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ അക്കൗണ്ട് ഒരുമണിക്കൂർ നേരത്തേയ്‌ക്ക് മരവിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം അക്കൗണ്ട് വീണ്ടും സജീവമാക്കിയപ്പോഴാണ് മന്ത്രി തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
















Comments