തിരുവനന്തപുരം : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിന് അഭിനന്ദന വർഷവുമായി സിപിഎം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ചൈനയെ പ്രകീർത്തിച്ച് നിരവധി ലേഖനങ്ങളാണ് നൽകിയത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലേഖനം പ്രമുഖ മലയാള പത്രത്തിലും നൽകിയിട്ടുണ്ട്.
ലോകത്തിന്റെ നെറുകയിൽ കമ്യൂണിസ്റ്റ് ചൈന എന്ന തലക്കെട്ടിലാണ് ദേശാഭിമാനി എഡിറ്റോറിയൽ. ചൈന വൻ ശക്തിയായി മാറുന്നതിന്റെ ആഹ്ലാദമാണ് എഡിറ്റോറിയലിൽ കാണുന്നത്. ഏകാധിപതിയായ ഷീ ജിൻ പിംഗിനെ പ്രകീർത്തിച്ചു കൊണ്ടാണ് മുഖ പ്രസംഗം അവസാനിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയും ഗവണ്മെന്റും ഇനിയും ഉയരങ്ങൾ കീഴടക്കുമെന്നാണ് ദേശാഭിമാനി മുഖപ്രസംഗം പറയുന്നത്.
മഹാത്ഭുതത്തിന് 100 , ശാസ്ത്രത്തിലും വിസ്മയക്കുതിപ്പ് തുടങ്ങിയ തലക്കെട്ടുകളോടെ മറ്റ് ലേഖനങ്ങളും ദേശാഭിമാനിയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീണ്ട ലേഖനം പ്രമുഖ മലയാളം മാദ്ധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കക്കെതിരെ ചൈനയെ പിന്തുണച്ചാണ് യെച്ചൂരിയുടെ ലേഖനം.
ഗാൽവാനിൽ അധിനിവേശം നടത്താൻ ശ്രമിച്ച് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനു കാരണമായ സംഘർഷമുണ്ടാക്കിയ ചൈനയുടെ നിലപാടിനെതിരെ ഇതുവരെ ഒരു വാക്കു പോലും പറയാൻ സിപിഎം തയ്യാറായിട്ടില്ല.കഴിഞ്ഞ ജൂൺ 15 നായിരുന്നു സൈനികരുടെ വീരമൃത്യുവിന്റെ ഒന്നാം വാർഷികം. അതുപോലെ തന്നെ ചൈനയിലെ നിരന്തരമായ ജനാധിപത്യ ധ്വംസനങ്ങളേയും മനുഷ്യാവകാശ പ്രശ്നങ്ങളേയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളേയും വെള്ള പൂശിക്കൊണ്ടാണ് സിപിഎമ്മിന്റെ പ്രകീർത്തനങ്ങൾ.
Comments