കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് മമത സർക്കാരിനോട് നിർദ്ദേശിച്ച് കൊൽക്കത്ത ഹൈക്കോടതി. തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാളിൽ നടന്ന ആക്രമണങ്ങൾക്കെതിരെ കേസെടുക്കണമെന്ന കോടതി വിധിക്ക് പിന്നാലെയാണ് സർക്കാരിന് തിരിച്ചടിയായി കോടതിയുടെ അടുത്ത നിർദ്ദേശം.
ഇസെഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസർക്കാർ സുവേന്ദു അധികാരിയ്ക്ക് നൽകിയിരിക്കുന്നത്. ഇസെഡ് കാറ്റഗറിയുള്ള അദ്ദേഹത്തിന് ബംഗാളിൽ ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയായിരിക്കും ഒരുക്കുക. ഈ സുരക്ഷയാണ് ബംഗാൾ സർക്കാർ മെയ് 18ന് പിൻവലിച്ചത്. തുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
പാർട്ടിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് വധഭീഷണി മുഴക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ മന്ത്രിയായിരുന്നു സുവേന്ദു അധികാരി.
അതിനിടെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങൾക്ക് ഇരയായ എല്ലാവരുടെയും കേസുകൾ രജിസ്റ്റർ ചെയ്യാൻ പശ്ചിമബംഗാൾ പോലീസിനു കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും വൈദ്യ ചികിത്സ ഉറപ്പാക്കണമെന്നും സൗജന്യ റേഷൻ അനുവദിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്.
Comments