മുംബൈ: ബോളിവുഡിലെ മുതിർന്ന സൂപ്പർതാരം അമിതാഭ് ബച്ചൻ ഉൾപ്പെടെ ഏഴു നടന്മാരുടെ മുംബൈയിലെ വസതികൾ പൊളിച്ചു നീക്കിയേക്കും. 2017ൽ റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നവരുടെ കെട്ടിടങ്ങളുടെ ഭാഗങ്ങൾ അനധികൃത നിർമ്മാണത്തിന്റെ പേരിലാണ് പൊളിച്ചു നീക്കുന്നത്.
അമിതാഭ് ബച്ചന്റെ ബംഗ്ലാവ് പ്രതീക്ഷയുടെ ഒരു ഭാഗമാണ് മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കുന്നത്. 2017ൽ നൽകിയ നോട്ടീസിന്റെ തുടർ നടപടികൾ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടൻ പൊളിച്ചുനീക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമിതാഭ് ബച്ചനും രാജ്കുമാർ ഹിരാനിയും ഉൾപ്പെടെ ഏഴ് പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
റോഡ് വീതികൂട്ടുന്നതിനായി പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിർണ്ണയിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബച്ചനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രയാൻ മിറാൻഡ പ്രശ്നം ഉന്നയിച്ച സാഹചര്യത്തിലാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നടപടിയെടുത്തിരിക്കുന്നത്. റോഡ് വീതികൂട്ടൽ നയപ്രകാരം 2017 ൽ അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
Comments