ശ്രീനഗർ: കശ്മീരിൽ ബിജെപിക്കും എൻഡിഎയ്‌ക്കും എതിരായ ഗുപ്കർ സഖ്യനേതാക്കളുടെ യോഗം ചേർന്നു. ഗുപ്കർ ചെയർമാൻ കൂടിയായ ഫാറൂഖ് അബ്ദുളളയുടെ വീട്ടിലാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഗുപ്കർ നേതാക്കൾ യോഗം ചേരുന്നത്.
യോഗത്തിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പും നിയമസഭാ പാർലമെന്റ് മണ്ഡല പുനർനിർണയവും ഇതിലെ നിലപാടുകളും ഗുപ്കർ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് അനുവദിക്കൂവെന്നുമാണ് പിഡിപി ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ പൊതുസ്ഥിതിയാണ് വിലയിരുത്തിയതെന്ന നിലപാടിലാണ് ഗുപ്കർ നേതാക്കൾ. ജൂൺ 29 ന് ചേരേണ്ടിയിരുന്ന യോഗമായിരുന്നുവെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അസൗകര്യം മൂലം മാറ്റുകയായിരുന്നുവെന്നുമാണ് നേതാക്കൾ പറയുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കശ്മീരിലെ രാഷ്‌ട്രീയ നേതാക്കളെ നേരിട്ട് വിളിച്ച് ചർച്ച നടത്തുന്നത്.
















Comments