കൊച്ചി: യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന പരാതിപ്പെട്ടു.
എൻഐഎയുടെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇതിനെ ചോദ്യം ചെയ്ത് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടുന്നത്.
കേസിൽ ആദ്യം കോൺസുലേറ്റിലെ പിആർഒ സരിത്താണ് അറസ്റ്റിലാകുന്നത്. സരിത്തിന്റ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയിലേക്കും സന്ദീപിലേക്കും അന്വേഷണം നീളുകയും ജൂലൈ 12ന് ഇവരെ എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ 35 പ്രതികളാണുള്ളത്. രണ്ട് പേർ പിടികിട്ടാപ്പുള്ളികളാണ്.
Comments