വിശാഖപട്ടണം : തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവനാഥ് റെഡ്ഡിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അനുമതിയില്ലാതെ റാലി നടത്തി കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ റാലിയ്‌ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് റെഡ്ഡിയെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. വ്യാഴാഴ്ച ഗാന്ധിഭവനിലെത്തി ചുമതലയേൽക്കുന്നതിനോട് അനുബന്ധിച്ചാണ് റാലി നടത്തിയത്. നൂറിലധികം പ്രവർത്തകർ റാലിയിൽ പങ്കെടുത്തിരുന്നു.
ജൂബിലി ഹിൽസിൽ നിന്നായിരുന്നു റാലി പുറപ്പെട്ടത്. നമ്പള്ളിയുൾപ്പെടെയുള്ള ജനവാസ മേഖലകളിലൂടെ റാലി കടന്നു പോയി. നിരവധിയിടങ്ങളിൽ വൻ ഗതാഗത കുരുക്കാണ് റെഡ്ഡിയും കോൺഗ്രസ് പ്രവർത്തകരും സൃഷ്ടിച്ചത്. പിന്നീട് ഗാന്ധിഭവനിൽ പ്രവർത്തകരെ ഒന്നിച്ചിരുന്നു സമ്മേളനം സംഘടിപ്പിച്ചു. പടക്കം പൊട്ടിച്ചും, ഉച്ചത്തിൽ പാട്ടുവെച്ചുമായിരുന്നു പ്രവർത്തകർ പുതിയ അദ്ധ്യക്ഷന്റെ സ്ഥാനാരോഹണം ആഘോഷിച്ചത്.
നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കോൺഗ്രസ് അദ്ധ്യക്ഷനെതിരെ കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം, ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
















Comments