ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2020 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിൽ രേഖയിൽ ഉൾപ്പെടാതെ പോയ 1478 മരണങ്ങൾ ഇന്നലെ ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ ഇത്രയും ഉയർന്നത്.
118 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ രോഗികൾ ഇത്രയും കുറയുന്നത്. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. സജീവ രോഗികളുടെ എണ്ണം 109 ദിവസത്തിന് ശേഷം 4,31,315 ആയി താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,40,325 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകൾ 43,40,58,138 ആയി ഉയർന്നു.
അതേസമയം രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. മരണ നിരക്കും ഈ സംസ്ഥാനങ്ങളിൽ കൂടുതലാണ്. അതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണും.
അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിൻ കുറവില്ലാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.
Comments