മുംബൈ : ഗർഭകാലത്തെ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുസ്തകമെഴുതിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേരാണ് പരാതിയ്‌ക്ക് ആധാരം.
പ്രഗ്നൻസി ബൈബിൾ എന്നാണ് പുസ്തകത്തിന് കരീന പേര് നൽകിയിരിക്കുന്നത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഗ് അദ്ധ്യക്ഷൻ ആശിഷ് ഷിൻഡേയാണ് പരാതി നൽകിയിരിക്കുന്നത്. കരീനയ്‌ക്ക് പുറമേ സഹ എഴുത്തുകാരിയായ അദിഥി സാഹ ഭീംജാനി, പ്രസാധകരായ ജഗ്ഗെർനൗട്ട് ബുക്ക്‌സ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
കരീനയ്‌ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. താരത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295- എ വകുപ്പ് ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പരാതിയിൽ പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ജൂലൈ ഒൻപതിനാണ് കരീന പ്രഗ്നൻസി ബൈബിൾ പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നായിരുന്നു താരം പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നത്. ഗർഭം ധരിച്ചിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഉള്ളടക്കം.
Comments