കാൻബെറ: അമേരിക്കയും ഓസ്‌ട്രേലിയയും നടത്തുന്ന സൈനിക അഭ്യാസം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന തയ്യാറെടുക്കുന്നു. ക്യൂൻസ് ലൻഡ് തീരത്ത് നടക്കുന്ന സൈനിക അഭ്യാസത്തിന്റെ വിവരങ്ങൾ ചോർത്താനാണ് ചൈനയുടെ നീക്കമെന്നാണ് സംശയം. സൈനിക അഭ്യാസം നടക്കുന്ന മേഖലയിലേക്ക് നിരീക്ഷണത്തിന് ചാരക്കപ്പലുമായി ചൈന എത്തിയേക്കുമെന്നാണ് ഓസ്‌ട്രേലിയൻ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
2019 ലും ചൈന ഇതേ രീതിയിൽ കപ്പലിൽ സൈനിക അഭ്യാസം നിരീക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയൻ സമുദ്രാതിർത്തിക്ക് പുറത്തായിരിക്കും ചൈനയുടെ കപ്പൽ നിലയുറപ്പിക്കുക. എന്നാൽ ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യങ്ങൾ തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും യുദ്ധരംഗത്തെ തയ്യാറെടുപ്പുകൾ വിലയിരുത്താനുമാണ് സൈനിക അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. കരയിലും വെളളത്തിലും വ്യോമമാർഗവുമുളള പരിശീലനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇക്കുറി കാനഡ, ജപ്പാൻ, ദക്ഷിണകൊറിയ, ന്യൂസിലൻഡ്, യുകെ തുടങ്ങിയിടങ്ങളിൽ നിന്നുളള സൈനികരും പരിപാടിയുടെ ഭാഗമാകും.
Comments