മുംബൈ : നഗരത്തിലെ ഉദ്യാനത്തിന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് നേതൃത്വം ഗാർഡൻ ആൻഡ് മാർക്കറ്റ് കമ്മിറ്റിയ്‌ക്ക് കത്ത് നൽകി. ഉദ്യാനത്തിന് മൗലാനാ ആസാദിന്റേയോ, യുദ്ധ നായകൻ ഹവീൽദാർ അബ്ദുൾ ഹമീദിന്റെയോ പേര് നൽകണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു.
ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് ഉദ്യാനത്തിന് ടിപ്പുവിന്റെ പേരിടാൻ തീരുമാനിച്ചത്. എന്നാൽ ഒട്ടനവധി ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും, രാഷ്‌ട്രീയ താത്പര്യത്തിന് വേണ്ടി മാത്രം ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്ത ടിപ്പു മഹത് വ്യക്തിയല്ലെന്ന് ബിജെപി നേതാവ് ബാലചന്ദ്ര ശിർഷാദ് കത്തിൽ പറയുന്നു. ഉദ്യാനത്തിന് മുസ്ലീം പേര് നൽകുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ടിപ്പുവിന്റെ പേര് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
നൂറുകണക്കിന് ഹിന്ദുക്കളെ മതം മാറ്റുകയും, ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത ടിപ്പുവിന്റെ പേര് എങ്ങിനെ ഉദ്യാനത്തിന് നൽകാനാകുമെന്ന് ശിർഷാദ് ചോദിച്ചു. ബിജെപി നേതാക്കളെ വായടപ്പിച്ചിരുത്തി ശിവ സേന നീക്കത്തിന് പിന്തുണ നൽകിയെന്നും അദ്ദേഹം വിമർശിച്ചു.
Comments