ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര യുപിയിലെത്തി. മാദ്ധ്യമശ്രദ്ധ നേടാൻ ബിജെപി സർക്കാരിനെതിരായ പ്രതിഷേധത്തോടെയാണ് പ്രിയങ്ക സന്ദർശനം ആരംഭിച്ചത്.
ഉച്ചയോടെ ചൗധരി ചരൺസിംഗ് വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹസ്‌റത്ഗഞ്ച് ജിപിഒ പാർക്കിലെ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിലായിരുന്നു രണ്ടര മണിക്കൂർ മൗനവ്രതം ഇരുന്നത്. സംസ്ഥാന സർക്കാരിന്റെ ജംഗിൾ രാജ് അവസാനിപ്പിക്കാനും ഏകാധിപത്യഭരണം പിഴുതെറിയാനുമാണ് മൗനവ്രതം ഇരുന്നതെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
അടുത്തിടെ യുപിയിൽ നടന്ന തെരഞ്ഞെടുപ്പിലെല്ലാം കോൺഗ്രസ് പാടെ തകർന്നടിഞ്ഞിരുന്നു. ഇതിനിടയിലാണ് പാർട്ടിക്ക് പുതുജീവൻ നൽകാൻ പ്രിയങ്കയുടെ വരവ്. യോഗി സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
കൊറോണ പ്രതിരോധത്തിൽ ഉൾപ്പെടെ യോഗി സർക്കാർ നടത്തിയ മികച്ച പ്രകടനത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും പ്രിയങ്ക വിമർശിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിൽ യോഗി സർക്കാർ അലംഭാവം കാണിച്ചുവെന്ന യാഥാർത്ഥ്യം പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് കൊണ്ടു മൂടിവെയ്‌ക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു. യുപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അവർ കൂട്ടിച്ചേർത്തു.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവുമൊത്ത് കോൺഗ്രസ് ആസ്ഥാനത്തെത്തിയ പ്രിയങ്ക അവിടെ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമയും അനാശ്ചാദനം ചെയ്തു. പാർട്ടി ജില്ലാ നേതാക്കൻമാരുമായും വിവിധ കർഷക സംഘടനാ പ്രതിനിധികളുമായും മുൻ എംപിമാരുമായും എംഎൽഎമാരുമായും പ്രിയങ്ക ആശയവിനിമയം നടത്തും. ശനിയാഴ്ച അമേഠിയിലെയും റായ്ബറേലിയിലെയും ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻമാരുമായും പ്രിയങ്ക ചർച്ച നടത്തും.
Comments