ബർലിൻ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ മഴയും പ്രളയവും തുടരുന്നു. പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. പ്രളയത്തിൽ മരണം 120 ആയി . വിവിധ മേഖലകളിലായി ആയിരത്തിലേറെ പേരെ കാണാനില്ലെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.കാണാതായവർക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയതായി ഭരണകൂടങ്ങൾ അറിയിച്ചു.
ജർമ്മനി, സ്വിറ്റ്‌സർലന്റ്, ബൽജിയം, നെതർലാന്റ്‌സ് എന്നിവിടങ്ങളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. മഴയുടെ കാലംതെറ്റിയുള്ള വരവാണ് പ്രളയകാരണമെന്ന് കാലവസ്ഥാ വിദഗ്ധർ പറയുന്നു. രണ്ടു മാസം പെയ്യേണ്ട മഴയാണ് രണ്ടു ദിവസംകൊണ്ട് പെയ്തു തീർന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായി മഴ പെയ്തതോടെ നദികളിലെ ജലനിരപ്പുയർന്നു. നഗരപ്രദേശങ്ങളിലേതടക്കം നിരവധി റോഡുകളും വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. ജർമ്മനിയിൽ ഒരു ലക്ഷത്തിലധികം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
ബൽജിയത്തിലെ പത്തു പ്രവിശ്യകളിൽ വീടുകളെല്ലാം വെള്ളത്തിലാണ്. സൈന്യം രംഗത്തുണ്ട്. പ്രളയത്തിൽ ജീവൻപൊലിഞ്ഞവർക്കു വേണ്ടി ഈ മാസം 20-ാം തിയതി രാജ്യം ദു:ഖാചരണം നടത്തും . ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാ പ്രവർത്തകരെ വിവിധ മേഖലകളിലേക്ക് വിന്യസിച്ചിരിക്കുകയാണ്
Comments