ധിർകോട്ട്: ഇമ്രാൻ ഖാന്റെ നീക്കത്തെ പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് മറിയം നവാസ്. പാക് അധീന കശ്മീരിനെ പ്രത്യേക പ്രവിശ്യയാക്കുമെന്ന ഇമ്രാൻ ഖാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രതിപക്ഷ കക്ഷി നേതാവു കൂടിയായ മറിയം നവാസ് രംഗത്ത് എത്തിയത്. ഇമ്രാൻ തന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു പാവയെ പ്രവിശ്യാഭരണം ഏൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ല. അതാത് പ്രദേശത്തെ ജനങ്ങളുടെ പിന്തുണയുള്ളവരാണ് പ്രദേശം ഭരിക്കേണ്ടതെന്നും മറിയം പറഞ്ഞു. വരുന്ന 25-ാം തീയതിയാണ് പാക് അധിനിവേശ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അതിന് മുന്നേതന്നെ ഭരണാധികാരിയെ ഇമ്രാൻ തീരുമാനിച്ചതായാണ് സൂചന.
പാക് അധീനകശ്മീരിലെ ധിർകോട്ടിലെ പൊതു സമ്മേളനത്തിലാണ് മറിയം നവാസ് ഇമ്രാനെതിരെ ആഞ്ഞടിച്ചത്.പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് ഘടകം നേതാവാണ് മറിയം. പാക് അധീന കശ്മീരിനെ പ്രത്യേക പ്രവിശ്യയാക്കാൻ ഇമ്രാൻ തീരുമാനിച്ചുകഴിഞ്ഞു. എന്നാൽ അവിടത്തെ ജനവികാരത്തെ മാനിക്കാതെയെടുക്കുന്ന ഏതു തീരുമാനവും എതിർക്കും. പ്രദേശത്തെ ജനജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് ഇമ്രാന്റെ നീക്കമെന്നും മറിയം നവാസ് ആരോപിച്ചു.
ഗിൽഗിത് ബാൾട്ടിസ്താൻ മേഖലയിൽ കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് നടത്തിയിട്ടും സൈന്യത്തിന്റേയും ഭീകരസംഘടനകളുടേയും നിഴലിലാണ് ഇമ്രാൻ ജനവിധി അട്ടിമറിച്ചതെന്ന കടുത്ത ആരോപണമാണ് നിലനിൽക്കുന്നത്. അതേ തന്ത്രം പാക് അധീന കശ്മീരിൽ ആവർത്തിക്കുമെന്നാണ് മറിയം മുന്നറിയിപ്പു നൽകുന്നത്.
















Comments