ടോക്കിയോ: ഒളിമ്പിക്സ് ഹോക്കി ടീം ഇന്ത്യക്ക് മെഡൽ നേടാൻ എല്ലാ സാദ്ധ്യതയുമുണ്ടെന്ന് പി.ആർ.ശ്രീജേഷ്. മുൻനായകനും നിലവിൽ ടീമിന്റെ ഗോളിയുമാണ് ശ്രീജേഷ്. ഇന്ത്യയുടെ നിര മികച്ചതാണ്. 16 അംഗ പുരുഷ ടീമിൽ 10 പേരും ആദ്യമായി ഒളിമ്പിക്‌സിൽ കളിക്കാനിറ ങ്ങുകയാണ്. എന്നാൽ എല്ലാവരും സമ്മർദ്ദങ്ങളെ അതിജീവിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.
നിലവിൽ ഇന്ത്യ ലോക റാങ്കിംഗിൽ നാലാം സ്ഥാനത്താണ്. ടീമിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നത്. യൂറോപ്യൻ പര്യടനത്തിലും അർജ്ജന്റീനയിലും നടത്തിയ മികച്ച പ്രകടനം പ്രതീക്ഷ വർദ്ധിപ്പിക്കുകയാണെന്നും ശ്രീജേഷ് പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾ പങ്കുവെച്ചത്.
മൂന്നാം ഒളിമ്പിക്‌സിനാണ് ശ്രീജേഷ് ടോക്കിയോവിൽ ഇറങ്ങുന്നത്. അർജ്ജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, സ്‌പെയിൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ചാമ്പ്യന്മാരാവുക എന്നതാണ് ആദ്യ കടമ്പയെന്നും ശ്രീജേഷ് പറഞ്ഞു.
ഒളിമ്പിക്‌സിലെ രാജാക്കന്മാരായിരുന്ന ഇന്ത്യയുടെ സുവർണ്ണകാലം തിരികെ പിടിക്കാൻ പരിശ്രമിക്കും. ഉടനെ വിരമിക്കലൊന്നും മനസിലില്ലെന്നും പാരീസ് ഒളിമ്പിക്‌സിലും കളിക്കണമെന്ന് തന്നെയാണ് ലക്ഷ്യമെന്നും 35 വയസ്സുകാരനായ ശ്രീജേഷ് പറഞ്ഞു.
Comments