ന്യൂഡൽഹി: അക്ഷരമുത്തശ്ശി ഭാഗീരഥി അമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഗീരഥി അമ്മയുടെ ജീവിതയാത്രയിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള അവരുടെ ആത്മാർത്ഥ ശ്രമങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
I pay my tributes to respected Bhageerathi Amma. There is much to learn from her life journey, particularly her everlasting passion towards learning new things. Saddened by her demise. Condolences to her family and admirers. Om Shanti. pic.twitter.com/WorKQ6xJy4
— Narendra Modi (@narendramodi) July 23, 2021
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വെച്ച് ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. 107 വയസ്സായിരുന്നു ഭാഗീരഥി അമ്മയ്ക്ക്. 106ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയാണ് ഭാഗീരഥി അമ്മ കേരളത്തിന്റെ അക്ഷര മുത്തശ്ശിയായത്. പരീക്ഷയിൽ 275 ൽ 205 മാർക്ക് നേടിയാണ് ഭാഗീരഥി അമ്മ സംസ്ഥാന സാക്ഷരതാ മിഷൻ 2019 ൽ നടത്തിയ പരീക്ഷ പാസായത്.
ഭാഗീരഥി അമ്മയുടെ നേട്ടത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ‘ജീവിതത്തിൽ നമ്മൾ ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ നമ്മളെ തന്നെ വളർത്തണം. എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ആദ്യം വേണ്ടത് ഉള്ളിലെ വിദ്യാർത്ഥി മരിക്കാതിരിക്കുക എന്നതാണ്. 105 വയസുള്ള ഭാഗീരഥി അമ്മ അതിന് പ്രചോദനമാണ്’ എന്നാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത്.
Comments