മുംബൈ: ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മലയാളി യുവാവിനെ മുംബൈ സൈബർ പോലീസ് രക്ഷപെടുത്തി. 30 വയസ് പ്രായമുള്ള ഡിപ്ലോമ വിദ്യാർത്ഥിയെയാണ് പോലീസ് രക്ഷപെടുത്തിയത്. മുംബൈയിലെ ദാദറിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
വിഷാദാവസ്ഥയിൽ ഒരു യുവാവ് ആത്മഹത്യയെ കുറിച്ച് ട്വീറ്റ് ചെയ്തതായും ആത്മഹത്യ ചെയ്യാൻ പോകുന്നതായും പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പ്രദേശത്തെ ഒരു മാദ്ധ്യമ പ്രവർത്തകനാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
ദാദറിലുള്ള ആഡംബര ഹോട്ടലിലാണ് യുവാവ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്‌ച്ചയാണ് യുവാവ് ഹോട്ടലിലിൽ എത്തിയത്. പോലീസെത്തി മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ കത്തി ഉപയോഗിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്ന യുവാവിനെ ആണ് കാണുന്നത്. പ്രണയ പരാജയത്തെ തുടർന്നാണ് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ച് കൗൺസിലിങ്ങിന് വിധേയനാക്കി.
Comments