ന്യൂഡൽഹി : ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് ബാഡ്മിന്റൺ താരം പി.വി സിന്ധു. ഈ അപൂർവ്വ നേട്ടത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്ന് സിന്ധു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിന്ധുവിന്റെ പ്രതികരണം.
തന്നെ പിന്തുണച്ചവർക്കും, അഭിനന്ദിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മെഡൽ മാത്രമായിരുന്നു എല്ലാം. അത് സ്വന്തമാക്കാനും സാധിച്ചു. ലോകം കീഴടക്കിയ സന്തോഷമാണ് ഇത് നൽകുന്നതെന്ന് സിന്ധു പറഞ്ഞു.
ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഒളിമ്പിക്‌സ്. മെഡൽ നേടിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ഇപ്പോഴും വാക്കുകളില്ല. ഓരോ തവണയും സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്‌നമാണ് ഒളിമ്പിക്‌സ് മെഡൽ. ജീവിതയാത്രയിൽ ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന തിരിച്ചറിവ് കൂടിയാണ് മെഡൽ നേട്ടമെന്നും സിന്ധു ട്വീറ്റ് ചെയ്തു.
ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വെങ്കല മെഡലാണ് സിന്ധു സ്വന്തമാക്കിയത്. മെഡലുമായി നിൽക്കുന്ന ചിത്രങ്ങളും സിന്ധു ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
— Pvsindhu (@Pvsindhu1) August 2, 2021
Comments