ടോക്കിയോ: ജപ്പാന്റെ അധീനതയിലുള്ള സെൻകാകു ദ്വീപിന് സമീപം താവളം പിടിക്കാൻ ചൈന ശ്രമം ഊർജ്ജിതമാക്കി. മേഖലയിലെ ചെറു ദ്വീപുകൾ കേന്ദ്രീകരിച്ച് സൈനിക സംവിധാനം ചൈന വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
കിഴക്കൻ ചൈനാ കടലിലെ ദ്വീപായ സെൻകാകു രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജപ്പാന്റെ വ്യോമതാവളമായി ഉപയോഗിച്ച നിർണ്ണായക പ്രദേശമാണ്. പസഫിക്കിൽ അമേരിക്കയും ചൈനയും തമ്മിൽ നടത്തുന്ന സൈനിക മേധാവിത്വത്തിനുള്ള മത്സരം മറ്റൊരു ശീതയുദ്ധത്തിലേക്ക് നയിക്കുമെന്ന റിപ്പോർട്ടും ജപ്പാൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈന സെൻകാകു പിടിക്കാൻ സന്നാഹം വർദ്ധിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ ഒന്നരവർഷമായി പസഫിക്കിലെ ചെറു ദ്വീപുകൾ കേന്ദ്രീകരിച്ചാണ് ചൈന ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നത്. തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ചൈനീസ് തീരരക്ഷാ സേന പ്രദേശത്തുകൂടെ പോകുന്ന ചരക്കുകപ്പലുകളെ തടയുന്നതും പതിവാണ്. എതിർക്കുന്നവരെ പിടികൂടിയാണ് ചൈന ശക്തികാട്ടുന്നത്. പസഫിക്കിൽ അമേരിക്ക നാവിക വ്യൂഹം അണിനിരത്തിയതോടെയാണ് ജപ്പാനും വിയറ്റ്‌നാമും ചൈനയെ ധീരമായി നേരിടാൻ തുടങ്ങിയത്.
Comments