സ്ത്രീകൾ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുത് ; മാദ്ധ്യമങ്ങൾ പ്രകീർത്തനം മാത്രം നടത്തണം ; പിടിച്ചടക്കിയ പ്രദേശങ്ങളിൽ പുതിയ നിയമങ്ങൾ പുറത്തിറക്കി താലിബാൻ

Published by
Janam Web Desk

കാബൂൾ : അഫ്ഗാനിൽ താലിബാൻ ഭീകരർ പിടിച്ചെടുത്ത പ്രദേശങ്ങളിൽ തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതായി റിപ്പോർട്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ 210 എണ്ണവും താലിബാൻ ഭീകരരുടെ കീഴിലാണ്. ഇവിടുത്തെ ജനങ്ങൾക്ക് മുകളിലാണ് ഭീകരർ ശരിയത്ത് പോലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

താലിബാൻ ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾ ഒറ്റയ്‌ക്ക് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ആണുങ്ങൾ കൂടെയുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്തേയ്‌ക്ക് ഇറങ്ങാവൂ. സ്ത്രീകൾ ഹിജാബ് ധരിക്കുകയും പുരുഷൻമാർ താടി നീട്ടി വളർത്തുകയും ചെയ്യണമെന്നും താലിബാന്റെ പുതിയ നിയമത്തിൽ പറയുന്നു.

രാജ്യത്തെ ഭൂരിഭാഗം ജില്ലകളും പിടിച്ചെടുത്തതോടെ പ്രാദേശിക മാദ്ധ്യമങ്ങളും താലിബാന്റെ കീഴിലായി. താലിബാൻ സംഘടനയെ പ്രകീർത്തിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിപ്പിക്കണം എന്നാണ് മാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ അനുസരിക്കാത്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. താലിബാൻ ഭീകരർ ജനങ്ങളോട് കാണിക്കുന്ന ക്രൂരതകൾ വ്യക്തമാക്കിക്കൊണ്ട് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഭീകര സംഘടന അത് നിഷേധിക്കുകയായിരുന്നു.

അഫ്ഗാനിസ്താനിൽ നിന്നും യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് താലിബാൻ നരനായാട്ട് ആരംഭിച്ചത്. അവസാനത്തെ രണ്ട് മാസം കൊണ്ട് താലിബാൻ പിടിച്ചെടുത്തത് 140 ജില്ലകളാണ്. അഫ്ഗാനിലെ പ്രമുഖ നഗരങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി താലിബാൻ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും മാദ്ധ്യമപ്രവർത്തകരേയും അതിക്രൂരമായാണ് കൊലപ്പെടുത്തുന്നത്. മറ്റ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വൻ നഗരങ്ങളും ഇപ്പോൾ താലിബാന്റെ കീഴിലാണ്. ആക്രമണത്തിൽ ആയിരക്കണക്കിന് ഭീകരർ കൊല്ലപ്പെട്ടപ്പോൾ എത്ര സാധാരണക്കാർ മരിച്ചു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Share
Leave a Comment