ന്യൂഡൽഹി: റിസർവ്വ് ബാങ്കിന്റെ പുതുക്കിയ സാമ്പത്തിക നയ പ്രഖ്യാപനം ഇന്ന്. ദ്വൈമാസ സാമ്പത്തിക നയ പുനരവലോകനമാണ് ഇന്ന് നടത്തുന്നത്. കൊറോണ രണ്ടാം ഘട്ടത്തിന്റെ അവസാന പാദത്തിൽ റിസർവ്വ് ബാങ്കിന്റെ നയപ്രഖ്യാപനത്തെ രാജ്യം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കൊറോണ മൂന്നാം തരംഗം മുന്നിൽകണ്ട് സാമ്പത്തിക മേഖലകൾക്ക് ഉണർവ്വ് ഉണ്ടാക്കുന്ന പ്രഖ്യാപനം റിസർവ്വ് ബാങ്ക് നടത്തുമെന്നാണ് കരുതുന്നത്.
റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണ് സൂചന. നിലവിലെ റിപ്പോ നിരക്ക് നാലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്. ഏഴാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ റിസർവ്വ് ബാങ്ക് മുന്നോട്ട് കൊണ്ടുപോകുന്നത്. നാണയ പെരുപ്പത്തെ നിയന്ത്രിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും.
മെയ് മാസത്തിൽ നാണയപ്പെരുപ്പം 6.3ലേക്ക് എത്തിയിരുന്നു.ജൂൺ മാസത്തിൽ അത് 6.26ലേക്ക് നേരിയ വ്യത്യാസമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക അവലോകന സമയത്ത് ഉപഭോക്തൃ വില സൂചിക 5.1 ശതമാനത്തിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടിയത്. ജുലൈ-സെപ്തംബർ മാസത്തിൽ 5.4 ലേക്ക് സൂചിക ഉയരുമെന്നും കരുതുന്നു. ഇതിനൊപ്പം പലിശ നിരക്കിൽ വ്യത്യാസം വരുത്താതെയാണ് റിസർവ്വ് ബാങ്ക് മുന്നോട്ട് നീങ്ങുന്നത്. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിന് ഗുണമായ തീരുമാനവും പ്രതീക്ഷിക്കുന്നു.
Comments